ന്യൂഡൽഹി: കത്തോലിക്കാസഭയ്ക്കും രാജ്യത്തിനും വേണ്ടി ഉത്തരവാദിത്വബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്നവരായി അല്മായർ മാറണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ കർദിനാൾ ആന്റണി പൂല.
ഡൽഹിയിലെ ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) 12-ാമത് വർക്കിംഗ് കമ്മിറ്റി യോഗത്തിനും 72-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിനും നൽകിയ സന്ദേശത്തിലാണ് കർദിനാൾ ഇക്കാര്യം വ്യക്തമാക്കിയത്. കർദിനാൾ ആന്റണി പൂല നേരിട്ട് എത്താതിരുന്നതിനാൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ സന്ദേശം വായിക്കുകയായിരുന്നു.
ഇന്ത്യയിലെ കത്തോലിക്കാവിശ്വാസികൾക്കിടയിൽ ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് കർദിനാൾ പറഞ്ഞു. 1919ൽ സ്ഥാപിതമായ സംഘടന ഒരു നൂറ്റാണ്ടിലേറെയായി അല്മായരെ പ്രതിനിധീകരിക്കുകയും അവരുടെ പങ്കാളിത്തവും നേതൃത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഈ ദൗത്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭയോടും സമൂഹത്തോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന അല്മായ നേതൃത്വമാണു കാലഘട്ടത്തിന്റെ ആവശ്യമെന്ന് കർദിനാൾ വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസത്തിൽ ആഴമായി വേരൂന്നിയതും സഭയോട് ഐക്യപ്പെട്ടതും പൊതുജീവിതത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടുന്നതുമായ അല്മായർ രാജ്യത്തിന്റെ പൊതുനന്മയ്ക്കും മനുഷ്യവ്യക്തിയുടെ അന്തസിനും വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് എമരിറ്റസ് ഡോ. ഇഗ്നേഷ്യസ് മസ്കരീനാസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് സമ്മേളനത്തിനു തുടക്കമായത്. തുടർന്നു നടന്ന ഉദ്ഘാടനസമ്മേളനത്തിൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ, എഐസിയു ദേശീയ അധ്യക്ഷൻ ലാൻസി ആർ. വാസ്, ദേശീയ വൈസ് പ്രസിഡന്റ് എ. ചിന്നപ്പ, എ.സി. മൈക്കിൾ, അഡ്വ. ജന്നീസ് ഫ്രാൻസിസ്, അഡ്വ. ഏബ്രഹാം പാട്ടിയാനി തുടങ്ങിയവർ പ്രസംഗിച്ചു. സിബിസിഐ കൗൺസിൽ ഫോർ ലെയ്റ്റി ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നൽകിയ സന്ദേശം സമ്മേളനത്തിൽ വായിച്ചു.